ഈ രാത്രി കഴിയും വരെ
നബീൽ അസ്ലം
നഗരത്തിലെ പൊതുവേ തിരക്കുള്ള
ഹൈവേ അന്ന് വിജനമായിരുന്നു. എന്താവാം കാരണം എന്ന് റഫീഖ് ചിന്തിക്കാതിരുന്നില്ല. ഓ.
ശരിയാണ്. ഇന്നാണല്ലോ രാജ്യത്തിൻറെ സർവ്വാധികാര സർക്കാരിൻറെ മുഖ്യ ഷെയർ ഹോൾഡർ പാർടിയുടെ
സംസ്ഥാന സമ്മേളനം. തീരദേശ പിന്തുണ ലക്ഷ്യമിട്ടാണ് ഈ നഗരത്തിൽ ഇത്തരമൊരു സമ്മേളനം അവർ
നടത്തുന്നതെന്ന് അയാൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ സമ്മേളനം നടക്കുന്ന ബീച്ച്
റോഡിലും ടൌണ് റോഡിലുമായി ട്രാഫിക് ധ്രുതപ്പെട്ടിരിക്കും. വീടു പിടിക്കുന്ന ഏതാനും
ബിസ്സിനസ്സുകാർ മാത്രമാവും ഇന്ന് ഈ റോഡിൻറെ ഉപഭോക്താക്കൾ.
കാർ ഒരു വളവു തിരിഞ്ഞപ്പോൾ അതിവേഗത്തിൽ എതിരേ വന്ന ഒരു
ലോറി കടുകിട വ്യത്യാസത്തിൽ അയാളെ കടന്നു പോയി.നെഞ്ചിനുള്ളിൽ വേഗം കൂടിയ മിടിപ്പിന്
ശക്തി കുറയും മുൻപ് അയാളുടെ സെൽഫോണ് ശബ്ദിച്ചു. ഹസീന ഇരിക്കാറുള്ള മുൻസീറ്റിൽ, കമിഴ്ന്നു
കിടന്നു വിശ്രമിക്കുകയായിരുന്നു അത്. റഫീഖ് ഫോണ് തിരിച്ചു നോക്കി. അയാളുടെ മുഖത്ത്
ഒരു മന്ദഹാസം വിരിഞ്ഞു. ഹസീനയാണ്. കാണാത്തപ്പോഴുള്ള സ്ഥിരം വിളി.
‘ഇങ്ങളെവിട്യാ?’
‘ഞാൻ ഡ്രൈവിങ്ങിലാ. ദാ
എത്തി. ഒരു പത്തു മിനിറ്റ്.’
‘ഓ.കെ. അസ്സലാമു അലൈക്കും.’
അയാൾ
വീണ്ടും ചിരിച്ചു. തൻറെ ശബ്ദം കേൾക്കാനുള്ള തിരക്കിൽ, വിളിക്കുമ്പോഴൊന്നും സലാം പറയാറില്ല
ഹസീന. എങ്കിലും സംസാരം കഴിഞ്ഞ് കട്ട് ചെയ്യും മുൻപ് സലാം പറയാൻ അവൾ മറക്കില്ല. അവൾക്കു
സലാം മടക്കി അയാൾ ഫോണ് സീറ്റിൽ തിരികെ വെച്ചു. മുൻപോട്ടു നോക്കിയതും അയാൾ ബ്രെയ്ക്കിൽ
ആഞ്ഞു ചവിട്ടി. എന്തോ ഒന്ന് അയാളെ കാത്ത് റോഡിനു നടുവിൽ നിശ്ചലമായി കിടന്നു.
****************************
നിക്കാഹ്
കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് മുനിയൂരെ വീട്ടില് നിന്നും ഹസീന റഫീഖിനൊപ്പം കോഴിക്കോട്ടെത്തിയത്.
കാസർഗോഡ് തായന്നൂർക്കാരനായ റഫീഖ് മൂന്നു വർഷമായി ഇവിടെയാണ് താമസം. കോഴിക്കോട്ടെ ഒരു
സ്വകാര്യ ബാങ്കിൽ ക്ലെർക്കായി ജോലി നോക്കുകയാണയാൾ. നഗരത്തിൽ നിന്ന് അല്പം മാറി ആൾപ്പാർപ്പ്
കുറഞ്ഞ ഒരിടത്താണ് ദിവസങ്ങളുടെ ശ്രമത്തിനൊടുവിൽ
അയാൾക്കൊരു വീട് തരപ്പെട്ടത്. റഫീഖിനൊപ്പം നിൽക്കണമെന്ന ഹസീനയുടെ നിർബന്ധത്തിന് അയാളുടെ
വീട്ടുകാരും എതിരു പറഞ്ഞില്ല. അങ്ങനെയാണ്, ഹസീനയുടെ ഉപ്പ വിവാഹ സമ്മാനമായി നൽകിയ ടൊയോട്ട
കാറിൽ അവർ ഈ നഗരത്തിലെത്തിയത്.
ഡോർബെല്ലിന്റെ
ശബ്ദം കേട്ടതും മുറിച്ചുകൊണ്ടിരുന്ന കറിക്കഷണങ്ങൾ ഉപേക്ഷിച്ച് ഹസീന എഴുന്നേറ്റു. പറഞ്ഞതിലും
നേരത്തെ റഫീഖ് എത്തിയ സന്തോഷത്തോടെ അവൾ വാതിൽ തുറന്നു. കതകിനപ്പുറം തന്നെത്തന്നെ നോക്കി
നില്ക്കുന്ന അപരിചിതനെ കണ്ട് അവൾ തട്ടം നേരെയാക്കി.
‘ആരാ?’
തിരിച്ചൊന്നും പറയാതെ
അയാൾ അകത്തേക്ക് കടന്നു. തടയാനുള്ള അവളുടെ ശ്രമത്തെ തട്ടിമാറ്റി അയാൾ വാതിൽ കുറ്റിയിട്ടു.
‘നിങ്ങളാരാ?’
ഉമിനീര്
വറ്റിയ ശബ്ദത്തിൽ ഹസീന വീണ്ടും ചോദിച്ചു. അതിനും മറുപടി നല്കാതെ അയാൾ അവളിലേക്കടുത്തു.
ഓടാനുള്ള അവളുടെ ശ്രമത്തെ അനായാസം തടുക്കാൻ അയാൾക്ക് കഴിഞ്ഞു. അയാളുടെ ശക്തവും മാർദവമില്ലാത്തതുമായ
കൈകളിൽ അവളുടെ തരിവളകൾ ഞെരിഞ്ഞു. നിർദാക്ഷീണ്യം അവളെ പിച്ചിക്കീറി, മുഖമില്ലാത്ത ആ
മനുഷ്യൻ വീട് വിട്ടു. തലയ്ക്കടിയിൽ നിന്ന് പൊട്ടിയൊലിച്ച് അവളുടെ ചുടുനിണം തറയാകെ നനവ്
പടർത്തി.
****************************
നിമിഷനേരം
റഫീഖ് അനങ്ങാതെ കാറിലിരുന്നു. അയാള് വല്ലാതെ ഭയപ്പെട്ടു പോയിരുന്നു. പതിയെ കാറിൽ നിന്നിറങ്ങി
റോഡിലെ ആ ജീവിയ്ക്കു മുന്നിൽ അയാൾ കുനിഞ്ഞിരുന്നു. അതൊരു പാവം പട്ടിക്കുഞ്ഞായിരുന്നു.
ചീറിപ്പാഞ്ഞു വന്ന ഏതെങ്കിലും ഒരു ബൈക്ക് തട്ടിയതാവണം, അതിന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.
ദയനീയമായ ഒരു മുരൾച്ചയിൽ ആ സാധുജീവി തൻറെ വേദന മുഴുവൻ ഒതുക്കി. മെല്ലെ അതിനെ കയ്യിലെടുത്ത്
അയാൾ നടന്നു. റോഡിനപ്പുറം ഉയരം കുറഞ്ഞ ഒരു കൽപ്പടവുണ്ട്. അയാൾ പതിയെ അതിനെ പടവിനു മുകളിൽ
വച്ചു തിരിഞ്ഞു നടന്നു. നടക്കുന്നതിനിടെ അയാൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. മുന്നോട്ടാഞ്ഞതും
വെളിച്ചത്തിൻറെ ഒരു കടൽ അയാളുടെ മിഴികളെ അന്ധമാക്കി. ഏതോ ഗോഡൗണിലേയ്ക്ക് തിരക്കിട്ടു
കുതിച്ച ഒരു കൊൽക്കത്ത ലോറി അയാളിലൂടെ കയറിയിറങ്ങി. പിറകെ വന്ന ഒമിനി നിർത്തി ഒരാള്
ഓടിയടുത്തപ്പോഴേക്കും റഫീഖിൻറെ ആത്മാവ് അയാളെ വിട്ടു പിരിഞ്ഞിരുന്നു. അപ്പോഴും റഫീഖിനെ
കാത്ത്, വിധിയിൽ കുളിച്ച ഹസീന ശരീരം ചോരവാർത്തുകൊണ്ടിരുന്നു.
Comments