കുഴിമാടം


അത്താഴവും കഴിഞ്ഞ് അവളോടും പിള്ളേരോടും കിടന്നോളാന്‍ പറഞ്ഞ് ഇറങ്ങി നടക്കുമ്പോള്‍ നേരം പാതിരയോടടുതിരുന്നു. നടപ്പിനിടെ വര്‍ക്കി ആകാശത്തേക്ക് ഒന്നു കണ്ണെറിഞ്ഞു. മേഖങ്ങളുടെ കരിമ്പടം ഭേദിച്ച് പുറത്തേക്ക് വന്ന പൂര്‍ണചന്ദ്രന്‍ ഇടവഴികളെ വെണ്ണിലാവില്‍ കുളിപ്പിച്ചു നിര്‍ത്തിയിരുന്നു. സുഖമുള്ള ഒരു തണുത്ത കാറ്റ് നടക്കുമ്പോള്‍ വര്‍ക്കിക്ക്‌ കൂട്ടിനെത്തി. പള്ളിക്കടുത്തെത്തിയപ്പോള്‍ വര്‍ക്കി പതുക്കെ നിന്നു. നിലാവിന്‍റെ പുതപ്പ് പുതച്ചു നില്‍ക്കുന്ന പള്ളിയുടെ മാസ്മരിക പ്രഭ കണ്ട് വര്‍ക്കി അത്ഭുതം കൂറി. അതാസ്വദിച്ചു കൊണ്ട് വര്‍ക്കി മുന്നോട്ടു നടന്നു. വികാരിയച്ചന്‍ ഉറക്കമായിട്ടില്ലെങ്കില്‍ ഈ അസമയത്തിവിടെ വന്നതിന്‍റെ കാരണവും മറ്റും തിരക്കിയേനെ. ഭാഗ്യത്തിന് അതുണ്ടായില്ല. അങ്ങോര് നേരത്തേ കാലത്തേ ഉറക്കം പിടിച്ചിരുന്നു.

അപ്പന്‍റെ കുഴിമാടത്തിനടുത്തെത്തും വരെ വര്‍ക്കി നടപ്പു തുടര്‍ന്നു. അപ്പന്‍ വര്‍ക്കിയെയും കാത്ത് പൂക്കള്‍ ചീഞ്ഞു കിടന്ന കുഴിമാടത്തിനു മുകളില്‍ ഇരിപ്പുണ്ടായിരുന്നു.
"നീയെന്തവാടാ വൈകിയേ?"
എന്നത്തേയും പോലെ അപ്പന്‍ കെറുവിച്ചു.
"ഓ! ഒന്നുമില്ലെന്നേ, ഓരോന്നാലോചിച്ചോണ്ടിങ്ങനെ നടന്നപ്പോ..."
"ങ്ഹാ, അമ്മച്ചിയെന്നാ പറയുന്നെടാ?"
"ഹല്ലാ, അപ്പനിത് തന്നെ ദിവസോം ചോദിച്ച് മടുക്കത്തില്ല്യോ?"
"ഒന്നു പോടാ, അവളെക്കുറിച്ചല്ലാതെ പിന്നെ എന്തോന്നിരിക്കുന്നെടാ ഈ പരേതാത്മാവിന് ചിന്തിക്കാന്‍?"
"ആ, ഇന്നു കുറച്ചൊരാശ്വാസമൊക്കെയുണ്ട്‌. എന്നാലും കട്ടിലു വിട്ട് എണീറ്റു നടക്കാൻ പാകത്തിന് കുറവൊന്നുമില്ല."
"എൻറെ പൊന്നു കർത്താവേ? എന്നാണോ നീ അവളേം കൂടി ഇങ്ങോട്ട്..?"
"എൻറപ്പാ, അപ്പന് വേറൊന്നും പറയാനില്ല്യോ? ഞാൻ പോകുവാ. നാളെയെങ്ങാനും വരാം."

      തിരിച്ചുള്ള നടത്തയിൽ വർക്കിയുടെ മനസ്സ് മുഴുവൻ അമ്മച്ചിയെക്കൊണ്ട് നിറഞ്ഞു. അപ്പനോട് പൊള്ളു പറഞ്ഞതിൽ അയാൾക്ക്‌ വല്ലാത്ത ഖേദം തോന്നി. വലിവ് വല്ലാതെ അധികരിച്ചു പോയിരിക്കുന്നു.ആശുപത്രീൽ നിന്ന് ഇന്നലെ കൊണ്ട് വന്നതേയുള്ളൂ. ഇതിങ്ങനെ അധിക കാലം പോവില്ലെന്ന് വർഗീസ്‌ ഡോക്ടർ ഇന്നലെ പറഞ്ഞു. ഹൃദയത്തെ പകുക്കുന്ന നോവിലും അതംഗീകരിക്കാതിരിക്കാൻ അയാൾക്ക് പഴുതില്ലായിരുന്നു.

      പള്ളിമേടയ്ക്കു മുന്നിലെത്തിയപ്പോൾ അയാൾ വീണ്ടും നിന്നു. ഉണ്ണിയേശുവിനെ മാറോടു ചേർത്ത് ഇരുകണ്‍കളിലും വദനത്തിലും തുളുമ്പിയ വാത്സല്യവുമായി നിൽക്കുന്ന കന്യാമറിയത്തിന്റെ രൂപത്തിലേയ്ക്ക് അയാൾ ഇമ ചിമ്മാതെ നോക്കി നിന്നു. ആ നിൽപ്പിൽ അയാൾ അറിയാതെ കണ്ണുകൾ തുളുമ്പി. കുഞ്ഞായിരിക്കുമ്പോൾ അമ്മച്ചി എത്ര തവണ തന്നെ ഇത് പോലെ ചേർത്തു പിടിച്ചിരിക്കും. ഓരോ കുരുത്തക്കേടുകൾക്ക് അപ്പൻറെ കയ്യിൽ നിന്ന് പുളിവാറിനു വീക്ക് മേടിച്ചു കണ്ണ് നിറയുമ്പോ, "പോട്ടെടാ കൊച്ചേ, അപ്പൻ സ്നേഹം കൊണ്ടല്ലേടാ?" ഈനും പറഞ്ഞ് അമ്മച്ചി മൂർദ്ധാവിൽ ചുംബിക്കും. അപ്പോൾ പള്ളിയ്ക്ക് മുന്നിലെ കായൽപരപ്പിൻറെ അത്രയും ആഴം അമ്മച്ചിയുടെ കണ്ണുകളിൽ കാണാം. ആ സമയത്ത് കന്യാമറിയത്തിന്റെ കണ്ണുകളിൽ തുളുമ്പുന്ന അതേ വാത്സല്യം അമ്മച്ചിയുടെ കണ്ണുകളിലും കാണാം. അതും നോക്കിക്കൊണ്ട്‌ അവരുടെ മടിയില തലചായ്ച്ച് കുഞ്ഞുവർക്കി ഉറങ്ങിപ്പോകും. അന്ന് അമ്മച്ചി വായിലിട്ടു തരുന്ന ചോറുരുളയേക്കാൾ രുചിയായിട്ട്‌ ഒരിടത്തുനിന്നും താൻ ഒന്നും കഴിച്ചിട്ടില്ല. മനസ്സിൽ ഒഴുകിയകലുന്ന മേഘശകലങ്ങളുമായി അയാള് നടന്നു നീങ്ങി.

      വീട്ടിലെത്തുമ്പോൾ മോളമ്മ തന്നെയും നോക്കി പടിയ്ക്കലുണ്ട്.
"എന്നാ പറ്റിയെടീ?"
"നിങ്ങളിതെവിടാരുന്നു?" അവൾ തേങ്ങി. "അമ്മച്ചിയ്ക്ക് പെട്ടെന്ന് കൂടി. ഇപ്പൊ ഒരനക്കവുമില്ല.വിളിചിട്ടാണെങ്കി മിണ്ടാട്ടവുമില്ല. നിങ്ങളൊന്നു വന്നു നോക്കിയേ."
വർക്കി അമ്മച്ചിയുടെ കട്ടിലിനടുത്തേയ്ക്കോടി. കട്ടിൽ കാലിനടുത്ത് മുട്ടിലിരുന്ന് അയാൾ അമ്മച്ചിയെ കുലുക്കി വിളിച്ചു. അനക്കമില്ല. വർക്കി അമ്മച്ചിയുടെ കൈ കവര്ന്നു പിടിച്ചു. മുമ്പെപ്പൊഴുമില്ലാത്ത ഒരു മറച്ച തണുപ്പ് ആ കൈകളെ ബാധിച്ചിരുന്നു. വർക്കി എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. പിരി കൊടുത്ത ഒരു യന്ത്രമനുഷ്യനെ പോലെ അയാൾ തിണ്ണയിൽ ചെന്നിരുന്നു. പിറ്റേന്ന് മരിപ്പറിഞ്ഞു വന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അയാൾ കണ്ടില്ല. തികഞ്ഞ നിസ്സംഗതയോടെ കുഴിമാടത്തിലേയ്ക്കുള്ള അവസാന പിടി മണ്ണും അയാൾ വാരിയിട്ടു. തിരികെ വീട്ടിൽ വന്നിട്ടും അയാള് പഴയ ഇരിപ്പ് തുടർന്നു. അത് പാതിരയോളം നീണ്ടു, മോളമ്മ വിളിക്കും വരെ.
"ചേട്ടായീ, വന്നേ, വന്നു വല്ലോം കഴിച്ചേ."
വർക്കി എഴുന്നേറ്റു.
"എടീ, ഞാനിപ്പോ വരാം."
അയാൾ നടന്നു. കുഴിമാടത്തിൽ തന്നെയും കാത്തിരിക്കുന്ന അപ്പനെയും അമ്മച്ചിയേയും കാണാൻ. പള്ളിമേടയ്ക്കു മുന്നിലെ രൂപക്കൂട്ടിൽ കന്യാമറിയം അപ്പോഴും ഉണ്ണിയേശുവിനെ താലോലിച്ചുകൊണ്ടിരുന്നു.

Comments

Popular Posts