കാറ്റാടിപ്പാടത്തെ യക്ഷിക്കുഞ്ഞ്

   
   
      ഇത് യക്ഷിക്കഥ തന്നെ. പണ്ട് നിങ്ങൾ പറഞ്ഞു മറന്ന ഒന്നായിരിക്കില്ല. ഒരു പക്ഷെ ഇതുവരെ നിങ്ങളിക്കഥ കേട്ടിട്ടുപോലുമുണ്ടാവില്ല. എങ്കിലും കാറ്റാടിപ്പാടം എന്നോരിടവും അവിടത്തെ യക്ഷിക്കുഞ്ഞും ഒരു യാഥാർത്ഥ്യം തന്നെയാണ്.

      പണ്ടേക്കുപണ്ടേ കാറ്റാടിപ്പാടം ഒരത്ഭുത ഗ്രാമമായിരുന്നു. കാച്ചെണ്ണ തേച്ചു നീരിൽ കുളിക്കുന്ന, നിതംബത്തോളം നീണ്ടു കിടന്ന മുടിയുള്ള സുന്ദരികളുടെ നാടായിരുന്നു അത്. ആരും കണ്ടാൽ കൊതിച്ചു പോകുന്നത്ര സുന്ദരികൾ. വശ്യമായ പുഞ്ചിരി തൂകിയിരുന്ന അവർ പക്ഷെ അത്യന്തം സൽസ്വഭാവികളായിരുന്നു.

      കാറ്റാടിപ്പാടത്തെ പെണ്ണുങ്ങൾക്ക്‌ ഇത്ര സൗന്ദര്യമുണ്ടായതെങ്ങനെ എന്നു കേൾക്കണോ? പണ്ടുപണ്ട് ഈ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വിരൂപികളും കൂനികളുമായിരുന്നു. ഒരിക്കൽ ഒരു ഉഗ്രസന്ന്യാസി ആ ഗ്രാമത്തിലെത്തി. കാശിക്കു പോകവേ വഴി തെറ്റി അവിടെയെത്തിയതാണദ്ധേഹം. വിശപ്പും ക്ഷീണവും സഹിക്കാതെ അദ്ദേഹം കൂനികളിലൊരുവളുടെ വീട്ടില് കയറിച്ചെന്നു. വേദിക എന്നായിരുന്നു അവളുടെ പേര്. ദരിദ്രയായ അവൾ കൂട്ടിനാരുമില്ലാത്ത ഒരു കന്യകയായിരുന്നു. തന്റെ അന്നം അവൾ മാമുനിയുമായി പങ്കുവച്ചു. കൂട്ടത്തിൽ അവളുടെ ദുഖങ്ങളും. മനസ്സലിഞ്ഞ മുനി അവളോട്‌ പ്രത്യുപകാരമായി എന്തെങ്കിലും ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു. നിസ്വാർത്ഥയായ അവൾ തന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും കൂനെടുത്തു കളയാനും അവരെ സുന്ദരികളാക്കാനും ആവശ്യപ്പെട്ടു. അവളുടെ ആഗ്രഹം അംഗീകരിച്ച മാമുനി, പക്ഷെ ഒരു നിബന്ധന അവൾക്കു മുന്നിൽ വച്ചു. ഭർത്താവല്ലാത്ത ഒരുവനോടൊപ്പം ശയിച്ചാൽ ആ സുന്ദരി ഒരു യക്ഷിക്കുഞ്ഞിനു ജന്മം നല്കും. അല്പം ഭയത്തോടെയെങ്കിലും അവൾ അതംഗീകരിച്ചു. മുനി അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. എന്നാൽ തനിക്കു മുന്നിൽ നില്ക്കുന്ന വശ്യസുന്ദരിയുടെ അഴകിൽ മതിമറന്ന മുനി തന്റെ നിബന്ധന മറന്ന് അന്നവളൊടൊപ്പം  രാപ്പാർത്തു.

      അന്നേയ്ക്ക് ഒരു വർഷം കഴിഞ്ഞപ്പോൾ വേദിക ഒരു കുഞ്ഞിനു ജന്മം നൽകി. ജന്മനായുള്ള അവളുടെ ദംഷ്ട്രകൾ വേദികയെ പരിഭ്രാന്തയാക്കി. ആദ്യത്തെ പാലിനു മാറോട് ചേർത്ത കുഞ്ഞ്, പകരം അവളുടെ രക്തവും ഉയിരും വലിച്ചെടുത്തു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടെയെത്തിയ ഗ്രാമവാസികൾ പക്ഷെ വേദികയുടെ ശവവും കുഞ്ഞിന്റെ ദംഷ്ട്രകളും കണ്ട് ഓടിയകന്നു. കൂട്ടത്തിലുണ്ടായിരുന്ന ഏതോ കിഴവൻ ധൈര്യപൂർവ്വം കുഞ്ഞിനെയെടുത്ത് ഗ്രാമം വിട്ടു. പക്ഷെ അയാൾ ഒരിക്കലും തിരിച്ചു വന്നില്ല.

      ഒരു പ്രായം കഴിഞ്ഞാൽ യക്ഷികൾക്ക് അവരുടെ സൗന്ദര്യം നഷ്ട്ടപ്പെടില്ലത്രേ. ഇന്ന് ആ യക്ഷിക്കുഞ്ഞ് വളർന്ന് ഒരു വശ്യസുന്ദരിയായി മാറിക്കഴിഞ്ഞിരിക്കും. രക്തത്തിനു വേണ്ടി അവൾ നാടുനീളെ ഓടി നടക്കുകയാവും. ഇന്നും കാറ്റാടിപ്പാടത്തെ ജനം രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഭയക്കുന്നു. ഇരുട്ടിൽ ആ വശ്യമായ ചിരിക്കു വേണ്ടി കാതോർക്കുന്നു. 

Comments

Popular Posts