മഴവില്ല്
വെയിൽചൂടിൽ ഉരുകിയൊലിച്ചാണ് മുറിയിൽ വന്നു കയറിയത്. ടേബിൾ ഫാൻ അടുത്തേക്ക് നീക്കി വെച്ച് ഷർട്ട്‌ ഊരിയിട്ട് ഒരു പത്തു സെക്കന്റ്‌ കഴിഞ്ഞില്ല. കറണ്ട് പോയി. ആര്യാടൻറെ മുഖമാണ് ആദ്യം മനസ്സിൽ വന്നത്. ജനല് തുറന്ന് ഒരു കസേരയടുപ്പിച്ച് അവിടെയിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരിടി വെട്ടി. മേഘം കറുത്തു വരുന്നത് കാണായി. അപ്പോഴാണ്‌ അമ്മ വിളിച്ചത്.ഇവിടെ മഴ പെയ്യുന്നുണ്ടോ എന്ന്. ഇല്ല എന്ന് ഞാൻ. കോഴിക്കോട്ട് നല്ല മഴയാണെന്നു പറഞ്ഞു. പരീക്ഷയായതു കൊണ്ട് അധികം സംസാരിക്കാതെ പഠിക്കാൻ പറഞ്ഞു വെച്ചു.

ഒരു ചാറ്റൽ മഴ കണ്ടു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. പെട്ടെന്ന് തിമിർത്തു പെയ്യാൻ തുടങ്ങി. ഇവിടെ കാസർഗോഡ്‌ ഒരു മഴ പെയ്യുന്നത് മാസങ്ങൾക്ക് ശേഷമാണ്. ഒന്നു തണുത്തു വന്നപ്പോഴേക്കും മഴ നിന്നു. വെയിൽ വന്നു. അപ്പോൾ ഒരു മഴവില്ല് മെല്ലെ തെളിഞ്ഞു വന്നു. പണ്ട് കുട്ടിയായിരുന്നപ്പോൾ അമ്മ മഴവില്ല് കാണിച്ചു തന്നത് പെട്ടെന്ന് ഓർമ വന്നു. മഴവില്ല് പോലെ മനസ്സ് നിറഞ്ഞു നില്ക്കുന്ന അമ്മയുടെ സ്നേഹവും. കൂട്ടത്തിൽ ഒരു കാര്യം കൂടി ഓർമ്മ വന്നൂട്ടോ. ഈയിടെ ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ ടീവിയ്ക്കു മുന്നിലേയ്ക്കോടുന്ന എന്നെ വിളിച്ചു നിർത്തി അമ്മ പരിഭവം പറയും. നീയിപ്പോ പണ്ടത്തെ പോലെ എന്നോട് കഥ പറയാനോ എന്റെ മടിയിൽ കിടക്കാനോ വരാറില്ല. കോളേജ് ജീവിതം നിന്നെ ഒരുപാട് മാറ്റിക്കളഞ്ഞു എന്ന്. അമ്മ വായിൽ വച്ചു തരുന്ന ചോറുരുളകളും ഇപ്പോൾ വാങ്ങാൻ മടിയാണ്. വാരിത്തരേണ്ട പ്രായമൊക്കെ കഴിഞ്ഞെന്നു ഞാൻ പറയും. എങ്കിലും ഇത്തവണ ഇങ്ങോട്ട് പോരുമ്പോൾ അമ്മ ഉച്ചയ്ക്ക് എനിക്ക് ചോറ് വാരിത്തന്നു. എനിക്കറിയാം എന്നെ ചിരിച്ചു കൊണ്ട് യാത്രയാക്കിയിട്ട്‌ അമ്മ അകത്തു പോയിരുന്നു സങ്കടപ്പെടാറുണ്ട് എന്ന്. ഫോണ്‍ വിളിക്കുമ്പോൾ പഠിക്കാനുണ്ടെങ്കിൽ വരണ്ട എന്ന് ഓരോ തവണ പറയുമ്പോഴും എന്നെ കാണാൻ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടെന്ന്. ഇന്നത്തെ ദിവസം എന്ത് കൊണ്ടാണ് ഇത് പറയുന്നത് എന്നു ചോദിച്ചാൽ അറിയില്ല. ദൂരെയിരുന്നു കൊണ്ട് അമ്മയെ കാണാൻ വല്ലാത്ത ആഗ്രഹം. 30ആം തിയ്യതി ആവണം വീട്ടിൽ പോകാൻ എന്നുള്ള സങ്കടം. അന്നേ ദിവസമാകാനുള്ള ഒരു വെമ്പൽ. ഇതിവിടെ ഇങ്ങനെ എഴുതി നിർത്തുന്നു. കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കൊണ്ടാണോ എന്നറിയില്ല. എങ്ങനെ അവസാനിപ്പിക്കണം എന്നറിയുന്നില്ല. എന്തിനിത്രയും എഴുതി എന്നും.

Comments

Popular Posts