പറയാന്‍ മറന്നത്

(മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90 ലക്കം 2 ല്‍ 'കോളേജ് മാഗസിന്‍ പംക്തിയില്‍ അച്ചടിച്ച്‌ വന്ന കഥ)തുടര്‍ച്ചയായി ബസ്സിന്‍റെ മണി മുഴങ്ങുന്ന ശബ്ദം കേട്ടാണ് അയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്‌.  നന്നേ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയതാണെങ്കിലും എട്ടു മണിയായപ്പോഴാണ് പള്ളുവശ്ശേരിക്കുള്ള ബസ്‌ കിട്ടിയത്. റിട്ടയര്‍മെന്‍റ് വരെ സദാ തിരക്കിലായിരുന്നുവെങ്കിലും ആ ജീവിതം വളരെ ആസ്വാദ്യകരമായി ശിവദാസമേനോന് തോന്നിയിരുന്നു. എന്നാല്‍ വൈകി, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഏകാന്തതയിലേക്ക് ജീവിതം വഴുതിയടുത്തപ്പോള്‍, പിതൃത്വം എന്ന കയ്പുനീര്‍ മേനോന്‍റെ ജീവിതത്തെ അസ്വസ്ഥമാക്കിത്തുടങ്ങി.

വെറും നിസ്സാര വഴക്കിന്‍റെ പരിണിതഫലമായിരുന്നു സുനിതയുമായുള്ള മേനോന്‍റെ വിവാഹമോചനം. അന്ന് സുനിതയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞോ അതിനെ പോറ്റിവളര്‍ത്താന്‍ സുനിത അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളോ അയാളെ അലട്ടിയില്ല. എങ്ങനെയെങ്കിലും ജോലിയുമായി തനിച്ചൊരു ജീവിതം അയാള്‍ സ്വപ്നം കണ്ടു അങ്ങനെ നിശ്ചയിച്ചത് കൊണ്ട് തന്നെ പിന്നീട് സുനിതയെഴുതിയ കതുകല്‍ക്കൊന്നും മറുപടിയെഴുതാന്‍ മനസ്സയാളെ അനുവദിച്ചില്ല. ഏകാന്തത അനുഭവിച്ചു തുടങ്ങിയപ്പോഴും മനസ്സ് പതറിയില്ല. ഒറ്റയ്ക്ക് തന്നെ എന്ന് മനസ്സ് മന്ത്രിക്കുകയായിരുന്നു.

വാടകവീട്ടിലെ തെഞ്ഞുതുടങ്ങിയ തടിക്കസേരയില്‍ ഇരുന്നു അന്നത്തെ വാര്‍ത്തകളില്‍ ആഴ്ന്നിറങ്ങിത്തുടങ്ങിയപ്പോഴാണ് കൂടെ ജോലി ചെയ്തിരുന്ന വാസുദേവപ്പണിക്കരും ഭാര്യ ലളിതാംബികയും മകന്‍ സൂരജ് പണിക്കരോടൊപ്പം ഒരു പോഷ് വാഹനത്തില്‍ വീട്ടുമുറ്റത്ത്‌ വന്നിറങ്ങിയത്. സ്വര്‍ഗാനുഭൂതിയായിരുന്നു അപ്പോള്‍ ശിവദാസമേനോന്. കഴിഞ്ഞ കുറെ മാസങ്ങളായി മേനോനെ അന്വേഷിക്കുകയായിരുന്നു പണിക്കര്‍  മേനോനെ ഫേസ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയത് മകന്‍ സൂരജാണ്. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന പ്യൂണ്‍ ശശിധരനാണ് വീട് മാറിയ കാര്യം പറഞ്ഞതും വിലാസം തന്നതും.

പണിക്കരും കുടുംബവും യാത്ര പറഞ്ഞു മടങ്ങിയപ്പോഴാണ്‌ ഏകാന്തത എന്നാ വികാരം അതിന്റെ പൂര്‍ണതീവ്രതയോടെയും ശിവദാസമേനോനെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയത്. പിന്നെ അമാന്തിച്ചില്ല. എവിടെ നിന്നോ ഒരേണി സംഘടിപ്പിച്ച് വീടിന്റെ റാക്കില്‍ കയറി പഴയ പെട്ടി വലിച്ചു താഴെ വെച്ചു. മറുപടികള്‍ അയയ്ക്കാന്‍ തോന്നിയിരുന്നില്ലെങ്കിലും ഓരോ കത്തും നഷ്ടപ്പെട്ടു പോകാതെ അയാള്‍ പെട്ടിക്കകത്ത് സൂക്ഷിച്ചിരുന്നു. എന്നെങ്കിലും വീണ്ടുമെടുക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എട്ടുപത്തു വര്‍ഷം മുന്‍പാണ് സുനിതയുടെ അവസാനത്തെ കത്ത് വന്നത്. മറുപടികളൊന്നും കാണാതെയായപ്പോള്‍ മേനോന്‍ മരിച്ചുവെന്നു സുനിതയ്ക്ക് തോന്നിയിരിയ്ക്കണം.

പത്ത് വര്‍ഷം മുന്‍പ് സുനിതയയച്ച കത്തുമായി പള്ളുവശ്ശേരി എന്ന ഗ്രാമത്തിലെയ്ക്കുള്ള ആ ബസ്സില്‍ ഇരിക്കുമ്പോള്‍ അയാളുദ് മനസ്സ് പല സംശയങ്ങലാല്‍ അസ്വസ്ഥമായിരുന്നു. തന്‍റെ മകന്‍, അനന്തകൃഷ്ണന്‍, അങ്ങനെയാണ് സുനിത എഴുതിയിരുന്നത്. അവന്‍ ഇപ്പോഴും ഇതേ വിലാസത്തിലാണോ താമസം?ആണെങ്കില്‍ തന്നെ സുനിതയുണ്ടാവില്ലേ കൂടെ? അവന്‍ വിവാഹം കഴിച്ചു കാണില്ലേ? ഒരു പെരുമഴ പോലെ ചിന്തകള്‍ മനസ്സിന്‍റെ ഭാരം വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു.

ബസ്‌ ഒരു വളവ് തിരിച്ചുനിര്‍ത്തി. എല്ലാവരും ഇറങ്ങിത്തുടങ്ങി. മേനോന്‍ മെല്ലെയെഴുന്നേറ്റ് കണ്ടക്ടറുടെ അടുത്ത് ചെന്നു. 
"ഇത് പള്ളുവശ്ശേരിയാണോ?"
ആകാംക്ഷ അയാളുടെ വാക്കുകളില്‍ ദൃശ്യമായിരുന്നു.
"ഇത് ബസ്സിന്‍റെ ലാസ്റ്റ് സ്റ്റോപ്പാണ്. പള്ളുവശ്ശേരിയെന്നു ബോര്‍ഡ്‌ എഴുതിയെന്നേ ഉള്ളൂ സാറെ, ഇനിയങ്ങോട്ടുള്ള റോഡിലൂടെ സ്കൂടറും ഓട്ടോയും മാത്രമേ പോവുള്ളൂ. ദാ, അങ്ങോട്ട്‌ മാറിനിന്നാല്‍ റിട്ടേണ്‍ വരുന്ന ഓട്ടോ കിട്ടും. സാറാരെ കാണാനാ ഇവിടെ?"
അതിനു മറുപടി പറയാതെ മേനോന്‍ ഇറങ്ങി.

അനന്തകൃഷ്ണന്‍ ധൃതിയില്‍ പെട്ടിയില്‍ തുണികള്‍ എടുത്തുവെയ്ക്കുകയായിരുന്നു.
"സിന്ധൂ, നീ ആ ചോറ്റുപൊതി വേഗമിങ്ങെടുക്ക്വോ? അടുത്ത ബസ്‌ പോയാല്‍ ആ ട്രെയിന്‍ കിട്ടിയത് തന്നെ..."
"ദാ കൊണ്ടുവരുന്നൂ ഏട്ടാ. ഒരിത്തിരി നേരത്തെ ഒരുങ്ങിയിരുന്നെങ്കില്‍ ഇങ്ങനെ ധൃതി വെയ്ക്കണോ?"

പൊതിച്ചോറും പെട്ടിയില്‍ വെച്ച് പടിയ്ക്കല്‍ നില്‍ക്കുമ്പോഴാണ് ഗേറ്റിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നിന്നത്. അനന്തനും സിന്ധുവും നോട്ടങ്ങള്‍ കൈമാറി. ഓട്ടോ പറഞ്ഞയച്ച് തങ്ങളുടെ വീട്ടിലേയ്ക്ക് നടന്നടുക്കുന്ന വയോധികനെ അവര്‍ സ്വീകരിച്ചിരുത്തി.
"ആരാണ്? എവിടെ നിന്ന് വരുന്നു?"
തലയ്ക്കുള്ളിലെ മരവിപ്പ് കാരണം ശിവദാസമേനോന് ആ ചോദ്യത്തിനുത്തരം പറയേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു.
"സുനിത?"
തന്‍റെ മകന്‍റെ മുന്നില്‍ അപരിചിതത്വം മാറ്റാന്‍ അവന്‍റെ അമ്മയെ വിളിക്കുന്നതാണ് നല്ലതെന്ന് മേനോന് തോന്നി. ഈ വീട്ടില്‍ തന്‍റെ മുഖം തിരിച്ചറിയാന്‍ അവള്‍ക്കു മാത്രമേ സാധിക്കൂ.
"അമ്മയെ അന്വേഷിച്ചു വന്നതാണോ? അറിഞ്ഞുകാണില്ല അല്ലെ? അടുത്ത വര്ഷം പതിനോന്നാണ്ട് കഴിയും അമ്മ മരിച്ചിട്ട്. അമ്മയേ ഉണ്ടായിരുന്നുള്ളൂ എനിയ്ക്ക്. അമ്മയെ എങ്ങനെയറിയാം?"
ശിവദാസമേനോനു വാക്കുകള്‍ മുട്ടി.
"ഞാന്‍... അച്ഛന്‍......"
"ഓ.. അച്ഛന്‍റെ സുഹൃത്താണോ? ഞാന്‍ ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. ഫോട്ടോയിലെ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ സാറിന്‍റെ പ്രായം ഉണ്ടാവും അല്ലെ? സാറിന്‍റെ പേര്?"
ശിവദാസമേനോന്‍ അപരാഹ്നത്തിലായിരുന്നു. സ്വന്തം മകന്‍ തിരിച്ചറിയുന്നില്ലല്ലോ ഈശ്വരാ. ഹൃദയം നീറിമുറുകുന്നു.
"എന്‍റെ പേര് പറഞ്ഞാലും മോനെന്നെ മനസ്സിലാവില്ല. ഞാന്‍ ഇറങ്ങുന്നു."
സിന്ധു അപ്പോഴാണ്‌ കാപ്പിയുമായി വന്നത്. സ്നേഹപൂര്‍വ്വം അത് നിരസിച്ച് അവിടെനിന്നും ഇറങ്ങിനടക്കുമ്പോള്‍ ശിവദാസമേനോന്‍റെ മനസ്സ് അതിന് പരിചിതമായ ഏകാന്തതയെ വരവേല്‍ക്കാന്‍ വീണ്ടും തയ്യാറെടുക്കുകയായിരുന്നു.

Comments

മനോഹരം , നന്നായി എഴുതി .... ആശംസകള്‍
മനോഹരം , നല്ല എഴുത്ത് ... ആശംസകള്‍
Nabeel M. Kasim said…
ottaik jeevikan ishtapedunna alaanu njan.. ekanthatha pinkalath bheekaramaya oru avasthayagumenn ninte kadha varachu kaattunnu..
കഥ നന്നായിട്ടുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.
കഥയുടെ ഫ്രെയ്മിന് ചേരുന്ന പേരായി തോന്നൊയില്ല, സുനിത!
ആച്ഛന്റെ മാനസികവ്യാപരങ്ങൾ കുറച്ച് വിവരിക്കാമായിരുന്നു.
Request to remove the word verification. That may distract commentors

Popular Posts