അച്ഛന്‍രാവിലെ എഴുന്നേറ്റ് ഉമ്മറത്തെത്തിയപ്പോള്‍ ചാരുകസേരയിലിരുന്ന് അച്ഛന്‍ പത്രം വായിക്കുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. അറുപതുകളുടെ അന്ത്യത്തിലേക്ക് പ്രായം അച്ഛനെ കൈപിടിച്ചു കൊണ്ടുപോയിരുന്നു. തന്‍റെ കട്ടിക്കണ്ണടയിലൂടെ കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് അച്ഛന്‍ പത്രം വായിക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടവും നുര പൊട്ടി. പെട്ടെന്ന് ഉള്ളില്‍ വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനോടൊപ്പം സ്കൂട്ടറിന്‍റെ പുറകിലിരുന്ന് സഞ്ചരിച്ചിരുന്ന കാലമാണ്. ഓരോ തവണ എന്നെ പിന്നിലിരുത്തി വാഹനമോടിക്കുമ്പോഴും എന്നെക്കുറിച്ചുള്ള ആധികള്‍ പറയാനുണ്ടാവും അച്ഛന്. വീട്ടില്‍ സദാ മൂകനായിരുന്ന അച്ഛന്‍ എന്നോട് സംവദിച്ചിരുന്നത് ഞങ്ങള്‍ പുറത്തിറങ്ങുന്ന വേളകളില്‍ മാത്രമാണ്.

നഗരാതിര്‍ത്തിയിലുള്ള യു.പി. സ്കൂളില്‍ എനിക്ക് അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ അച്ഛന്‍റെ മുഖത്ത് ഞാന്‍ പ്രതീക്ഷിച്ച പ്രസന്നത കാണാഞ്ഞതില്‍ സങ്കടപ്പെട്ടു. അതിന്‍റെ കാരണം മറ്റൊന്നുമായിരുന്നില്ല.ഒരു യു.പി. സ്കൂള്‍ അധ്യാപകനേക്കാള്‍ ഉയര്‍ന്നൊരു ജോലിയിലും ശമ്പളത്തിലും ഞാന്‍ എത്തിച്ചേരണമെന്ന് അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്‍റെ ചെറിയ നേട്ടങ്ങളില്‍ പോലും സന്തോഷിക്കുന്ന അമ്മയെപ്പോലെയേ ആയിരുന്നില്ല അച്ഛന്‍. | ലിറ്ററേച്ചര്‍ കോഴ്സ് എടുത്തപ്പോഴും വഴക്കൊരുപാട് കേട്ടതാണ്.  എന്നിട്ടും അത് പൂര്‍ത്തിയാക്കി ജോലിക്ക് കയറി. ആഴ്ചപ്പതിപ്പുകളില്‍ അച്ചടിച്ചു  വരുന്ന എന്‍റെ ലേഖനങ്ങളോ കഥകളോ ഒരിക്കലും അച്ഛന്‍റെ പ്രശംസ എനിക്ക് നേടിത്തന്നില്ല.

അച്ഛന്‍ കലാതാല്‍പര്യങ്ങളില്ലാത്ത ഒരു അരസികനാണെന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു. ടി.വി.യില്‍ ഒരു  നല്ല സിനിമയോ കലാപരിപാടിയോ കാണാതെ എല്ലായിപ്പോഴും അച്ഛന്‍ വാര്‍ത്തകളിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു. റിട്ടയര്‍മെന്‍റിനു ശേഷം പത്രവും വാര്‍ത്തകളും ചാരുകസേരയും മാത്രമാണ് അച്ഛന്‍റെ ലോകം എന്ന് ഞാന്‍ വിശ്വസിച്ചു.

ഇടയ്ക്ക് ഞാന്‍ ഇടുക്കിയിലെ ഒരു സ്കൂളിലേക്ക് സ്ഥലം മാറിപ്പോയി. ഇടയ്ക്കൊക്കെ കത്തയക്കാന്‍ ഓര്‍മ്മിപ്പിച്ചാണ് അമ്മ യാത്രയാക്കിയതെങ്കിലും  തിരക്കുകളും മടിയും എന്നെ അതില്‍ നിന്നു  വിലക്കി. അവിടെ ജോലി തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യത്തെ കത്ത് വന്നു. വീട്ടിലെ വിലാസം കണ്ട് അമ്മയുടെതെന്ന് കരുതിയെങ്കിലും കത്ത് അച്ഛന്‍റെതായിരുന്നു. അച്ഛന്‍റെ മനസ്സ് ആ കത്തില്‍ പകര്‍ത്തിവെച്ചിരുന്നത് ഞാന്‍ കണ്ടു.

"മോനേ, സുഖമാണോ? അമ്മയ്ക്കും എനിയ്ക്കും വലിയ ബുദ്ധിമുട്ടില്ല. നിന്‍റെ പുതിയ സ്കൂള്‍ എങ്ങനെയുണ്ട്? നന്നായി പഠിപ്പിക്കണം. നിന്നില്‍ നിന്ന് ഒരു കുട്ടി എന്തെങ്കിലും പഠിച്ചാല്‍ അതാണ് ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ നിന്‍റെ വിജയം.

നിന്നെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നും എന്നിലൂടെയേ ഞാന്‍ നിന്നെ കണ്ടുള്ളൂ. സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ സാധിക്കാനുള്ള എന്‍റെ പുനര്‍ജ്ജന്മമാണ് നീ എന്ന് വിശ്വസിച്ചു. അതുകൊണ്ടു  തന്നെ എന്‍റെ സ്വപ്നങ്ങളില്‍ നിന്ന് നിന്‍റെതിലേക്കുള്ള ദൂരം എന്നെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. നീ എഴുതുന്ന ഓരോ വരിയും വായിക്കുമ്പോള്‍ എന്‍റെ സന്തോഷം ഞാന്‍ മറച്ചുപിടിച്ചത് എന്‍റെ അപകര്‍ഷത കൊണ്ടാണ്. കൂടുതല്‍ എഴുതണം. അച്ഛന് വായിക്കാനെങ്കിലും. കാലം ഇനിയധികമില്ലെന്ന് മനസ്സ് പറയുന്ന പോലെ. നീ ഉടനെ ഒരു ട്രാന്‍സ്ഫറിനപേക്ഷിക്കണം. കഴിയുമെങ്കില്‍ ഇവിടെ അടുത്തു തന്നെ എവിടേക്കെങ്കിലും. ഇവിടെ നമ്മുടെ പരിചയത്തിലുള്ള ഒരാളുടെ വീട്ടില്‍ ഒന്നു പോണം. അതിനു പക്ഷെ നീ കൂടി വന്നിട്ടു വേണം. അയാളുടെ മകള്‍ ഒരു നല്ല കുട്ടിയാണ്.അമ്മയ്ക്കും വല്ല്യ ഇഷ്ടാണ്. നിനക്കും ഇഷ്ടാവാതിരിക്കില്ല. ഉടനെ കിട്ടുന്ന ലീവിന് വരാന്‍ നോക്കണം."

വീട്ടിലേക്കു ചെല്ലുമ്പോള്‍ പക്ഷെ, എനിക്കു മാത്രം കാണാവുന്ന, തിരിച്ചെന്നെ കാണാന്‍ കഴിയാത്ത ഒരു വിദൂരതയിലേക്ക് അച്ഛന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ അമ്മയില്‍ നിന്ന് സദാ ഉയര്‍ന്നുകേട്ടെങ്കിലും ഒരു മരവിപ്പ് എന്നിലെ കണ്ണുനീരിനെ വറ്റിച്ചുകളഞ്ഞിരുന്നു. അച്ഛന്‍ മരിച്ചു എന്ന വസ്തുത ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒന്നായി എന്‍റെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു.

മരണശേഷം അച്ഛന്‍റെ പൊടിപിടിച്ചു കിടന്ന പെട്ടി എവിടുന്നോ ഒരു താക്കോല്‍
കണ്ടുപിടിച്ച് തുറക്കുമ്പോള്‍ ഉള്ളില്‍ പുകഞ്ഞിരുന്ന ഒരു നീറ്റല്‍, പക്ഷെ അത് തുറന്നു കഴിഞ്ഞപ്പോള്‍ ഒരത്ഭുതത്തിനു വഴിമാറി. കുറച്ചു ഫോട്ടോകളും കുറേ കടലാസ് കുറിപ്പുകളും അതിനകത്തു കണ്ടു.ചെറിയ പ്രായത്തില്‍ അച്ഛന്‍ പ്രസംഗിക്കുന്നതും സമ്മാനങ്ങള്‍ വാങ്ങിക്കുന്നതും നാടകങ്ങളില്‍ അഭിനയിക്കുന്നതുമായ ഫോട്ടോകള്‍ അതിലുണ്ടായിരുന്നു. അതിനെക്കാളേറെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ കുറിപ്പുകളില്‍ ഉണ്ടായിരുന്ന അച്ഛന്‍റെ കഥകളാണ്.ആ ഇരിപ്പില്‍ ഓരോ കഥയും വായിച്ചു തീരുമ്പോള്‍ എന്‍റെ ഉള്ളിലെ എഴുത്തുകാരന്‍ അലിഞ്ഞുതീരുന്നത് ഞാന്‍ അറിഞ്ഞു. അരസികനെന്ന് അച്ഛനെ മനസ്സിലെങ്കിലും മുദ്ര കുത്തിയതിന് ഞാന്‍ സ്വയം പഴിച്ചു, ശപിച്ചു.

ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ട അച്ഛന്‍റെ ഓര്‍മ ഒരു പത്രവുമായി ചാരുകസേരയില്‍ ഇരിക്കുന്ന കാഴ്ച എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മറഞ്ഞുകഴിഞ്ഞിരുന്ന ഭൂതത്തെ വര്‍ത്തമാനത്തിന്‍റെ കയ്ക്കുന്ന യാഥാര്‍ത്ഥ്യം ചവിട്ടിയരച്ചപ്പോഴേക്കും ചാരുകസേര വീണ്ടും ഒഴിഞ്ഞു തന്നെ കിടന്നു.

Comments

മികച്ചു നില്‍ക്കുന്നു തുടര്‍ന്നെഴുതു . ആശംസകള്‍

Popular Posts