പണയപ്പണ്ടം


നബീല്‍ അസ്ലം


      ഈ വേദന അതിഭയങ്കരമാണ്. മറ്റൊരു സ്ത്രീയിലൂടെ മാത്രം അതിനെ കണ്ടിരുന്ന സുമതിയ്ക്ക്, ഒരിക്കലും തനിക്കിത് വിധിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു മനസ്സ് മുഴുവന്‍ .
 
      ജീവിതത്തില്‍ ആദ്യമായി സുമതി പണയം വെച്ച ഉരുപ്പടി അവളുടെ മനസ്സാണ്. അതിന് അവകാശിയായ ആളുടെ മനസ്സിന്റെയും സര്‍വ്വതിന്റെയും അവകാശി താനാണെന്ന് അവള്‍ വിശ്വസിച്ചുമിരുന്നു. എന്നാല്‍ തന്നില്‍ നിന്നെല്ലാമെടുത്ത്‌ അയാളുടെതെല്ലാം മറ്റൊരുവള്‍ക്ക്  നല്കിയതറിഞ്ഞ നിമിഷത്തിലാണ് ആദ്യമായി മനസ്സ് കൊണ്ട് സുമതി അനാഥയായത്‌.
   
       സുമതിയുടെ രണ്ടാമത്തെ പണയപ്പണ്ടം അവളുടെ ശരീരമായിരുന്നു. ഒരര്‍ത്ഥത്തില്‍ അത് അവളുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവും അച്ഛന്‍ എന്ന് വിളിക്കാന്‍ വിധിക്കപ്പെട്ടവനുമായ ആള്‍ അവളില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതാണ്. ആ പ്രായത്തില്‍ പകച്ചു നില്‍ക്കാനല്ലാതെ മറുത്തൊന്നു മിണ്ടാനോ പ്രവര്‍ത്തിക്കാനോ അവളിലെ കൗമാരക്കാരി ശക്തയായിരുന്നില്ല.

      പിന്നീട് ആ മനുഷ്യനിലൂടെത്തന്നെയാണ് സുമതി ആ നഗരത്തിലെ അറിയപ്പെടുന്നതും തിരക്കുള്ളതുമായ ഒരു വേശ്യയായി മാറിയതും. മനസ്സും മനസ്സാക്ഷിയും കൊട്ടിയടച്ച് ദിവസേന വന്നു പോകുന്ന ശരീരാന്വേഷികള്‍ക്ക് അവള്‍ തന്‍റെ ശരീരം തുറന്നു കൊടുത്തു, ഒരിക്കല്‍ അതിന്‍റെ ബാക്കിപത്രമെന്നോണം അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞിന്‍റെ വിത്ത് പാകപ്പെട്ടിരിക്കുന്നു എന്നറിയുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ വരെ.

      എല്ലാ സ്ത്രീകളെയുംപോലെ ഒരാനന്ദത്തിന്‍റെയോ അഭിമാനതിന്‍റെയോ പരിവാരത്തോടുകൂടി തന്‍റെ ഗര്‍ഭത്തെ അംഗീകരിക്കാന്‍ ആ വേശ്യയ്ക്ക് ഒരിക്കലും സാധിച്ചില്ല. ഒരു വേശ്യയുടെ മകനോ മകളോ ആയി വളരാനും അറിയപ്പെടാനും പോകുന്ന ആ കുഞ്ഞിന്‍റെ ഗതികേടോര്‍ത്തു കേഴാനും സ്വയം പ്‌രാകാനും മാത്രമേ അവള്‍ക്കു കഴിഞ്ഞുളളൂ.
   
      ഒരു സര്‍ക്കാരാശുപത്രിയുടെ, തെളിച്ചം കുറഞ്ഞ പ്രകാശം മിന്നിക്കത്തുന്ന ആ വരാന്തയില്‍ രക്തത്തില്‍ പൊതിഞ്ഞ ഒരു കഷ്ണം തുണിയില്‍ക്കിടന്നുകൊണ്ട് തന്‍റെ കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ തികഞ്ഞ ഒരു നിസ്സംഗത മനസ്സിനെക്കീറി അവളുടെ ശരീരത്തിലേക്കും പടര്‍ന്നിരുന്നു.

      ഉടുത്തിരുന്ന പഴയ സാരി രക്തം പടര്‍ന്ന് ഉപയോഗശൂന്യമായിപ്പോയിരുന്നു. ആശുപത്രിയില്‍ തന്‍റെ പേറെടുത്ത നേഴ്സ് അല്പം പ്രായം കൂടിയ കരുണ നിറഞ്ഞ ഒരു സ്ത്രീയായിരുന്നു.
അവര്‍ കൊടുത്ത ഒരു സാരിയും ചുറ്റി ഒരു തുണ്ടുതുണിയില്‍ കുഞ്ഞിനേയും പൊതിഞ്ഞുപിടിച്ച്‌ ആശുപത്രി വിടുമ്പോഴും ഒന്ന് മാത്രമേ സുമതിയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. തന്‍റെ ജന്മദോഷം പിഴച്ചുപിറന്ന ഈ പെണ്‍കുഞ്ഞ് വളര്‍ന്നുവരുന്നത് ഒരു വേശ്യയുടെ മകളായിട്ടാകരുത്. ഗതികേടുമൂലം തനിക്കു സ്വീകരിക്കേണ്ടി വന്ന ഈ വഴിയിലൂടെ തന്‍റെ കൈ പിടിച്ച് അവളെ നടത്താന്‍ സുമതിയിലെ സ്ത്രീ ഒട്ടും ആഗ്രഹിച്ചതുമില്ല.

                                     ----------------------------------------------------------

      വളരെ തിരക്കുപിടിച്ച ഒന്നായിരുന്നു സുധാകരന് ആ ദിവസം. കഴിയുന്നത്രയും അനാഥമന്ദിരത്തിന്‍റെ  മതില്‍ക്കെട്ടിനുള്ളില്‍ ഒതുങ്ങാന്‍ അയാളുടെ മനസ്സാഗ്രഹിച്ചിരുന്നു. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക് മുന്‍പ് ഈ മന്ദിരത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്ന ഭാസ്കരന്‍ നായരുടെ കയ്യില്‍ ഏല്‍പ്പിച്ചതാണ് സുധാകരനെ അയാളുടെ അമ്മ. സുധാകരന് മൂന്ന് വയസ്സ് മാത്രമുള്ളപ്പോള്‍ അയാളുടെ രഹസ്യത്തിന്‍റെ ഏക തെളിവായിരുന്ന ഭാസ്കരന്‍ നായരെ ഒരു ഹൃദയാഖാതം സമ്മാനിച്ച് ദൈവം തിരിച്ചു വിളിച്ചു. അന്ന് മുതല്‍ക്ക്‌ അയാള്‍ അനാഥനാണ്. ഈ മന്ദിരത്തില്‍ അയാളോടൊപ്പം കളിച്ചുവളര്‍ന്ന പലരും ഇന്ന് രാഷ്ട്രീയ കലാസാംസ്കാരിക ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരാണ്. പക്ഷേ, അന്നും ഇന്നും എന്നും, അയാള്‍ക്ക്‌ ഈ നാല് മതിലുകള്‍ക്കപ്പുറം വളരാന്‍ കഴിയുമായിരുന്നില്ല. തന്നെ താനാക്കിയ ഈ മന്ദിരത്തെയും ഒരു കുടുംബത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ തന്ന ഇതിലെ അന്തെവാസികളെയും തന്‍റെ മുഴുവന്‍ സ്നേഹവും കൊടുത്തു അയാള്‍ ശുശ്രൂഷിച്ചും സ്നേഹിച്ചും പോന്നു.

      അന്ന് രാത്രിയില്‍ ജോലികളെല്ലാം ഒരുവിധത്തില്‍ മുഴുമിപ്പിച്ചു മേലും തലയും ഒന്ന് നനച്ചെന്നു വരുത്തി ഗെയ്റ്റിനു താഴിടാനെത്തിയ സുധാകരന്‍റെ ശ്രദ്ധയേയും ക്ഷണിച്ചുകൊണ്ട് മന്ദിരത്തിന്റെ അതിരിനപ്പുറം സുമതി നില്‍പ്പുണ്ടായിരുന്നു. കനത്ത ഇരുട്ടില്‍ അവളുടെ മുഖം അയാള്‍ക്ക്‌ വ്യക്തമായിരുന്നില്ല. തുടത്തുടരെയുള്ള അയാളുടെ ചോദ്യങ്ങള്‍ക്കൊടുവില്‍ സംസാരിച്ചു തുടങ്ങിയ സുമതിയ്ക്ക് പക്ഷേ, തന്‍റെ കഥ മുഴുമിപ്പിച്ചേ നിര്‍ത്താനായുള്ളൂ.

      അത്രയും നേരം നിസ്സഹായയായി തന്‍റെ മുന്‍പില്‍ നിന്ന ആ സ്ത്രീയുടെ പേര് പോലും ചോദിക്കാതെ അവളുടെ കയ്യില്‍ നിന്നും തന്റെതിലേക്ക് ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോള്‍ തന്റെ ജന്മം തന്നെയായിരുന്നു അയാളുടെ കണ്മുന്‍പില്‍. ആ നിമിഷത്തില്‍ അയാളുടെ മനസ്സില്‍ മാറിമാറിപ്പെയ്ത വികാരങ്ങളുടെ തോര്‍ച്ചയില്‍ അയാള്‍ ആ പെണ്‍കുഞ്ഞിനെ ഗൗരി എന്ന് പേര് വിളിച്ചു. മുപ്പത്തിയെട്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും കാണാത്ത സ്വപ്നങ്ങളുടെ ചിറകിന്‍കീഴില്‍ ആ കുഞ്ഞിനെ അണച്ചു പിടിച്ചുകൊണ്ട്  അയാള്‍ ആ നന്മമരച്ചോട്ടിലേയ്ക്ക് തിരിച്ചു നടന്നു.തന്‍റെ അവസാന പണയപ്പണ്ടവുമായി അയാള്‍ മറയുന്നതും നോക്കി അവള്‍ അപ്പോഴും ഗെയ്റ്റിനു പുറത്തു നില്‍പ്പുണ്ടായിരുന്നു.

--------------------------------------------ശുഭം-------------------------------------------------

Comments

ഈ കഥ പറഞ്ഞ രീതിയാണ് ഒരു പക്ഷെ കഥയേക്കാളും മികച്ചു നില്‍ക്കുന്നത് എന്ന് തോന്നി .... പുതുമ നിറഞ്ഞ അവതരണം അഭിനന്ദനങ്ങള്‍

Popular Posts